തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച പുതിയ യുഡിഎഫ് സർക്കാരിന്റെ നടപടിയെ പരിഹസിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിന്റെ ഈ തീരുമാനം 'മല എലിയെ പ്രസവിച്ചതുപോലെ' ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്, ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ വരുത്തിയിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ആശാപ്രവർത്തകരുടെ ആവശ്യങ്ങൾ അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നതായി ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നത്. എന്നാൽ അധികാരത്തിൽ വന്നപ്പോൾ മുൻപ് നൽകിയ ഈ വലിയ വാഗ്ദാനങ്ങൾ പാലിക്കാൻ പുതിയ സർക്കാർ തയ്യാറായില്ലെന്ന് മുൻ ധനമന്ത്രി വിമർശിച്ചു.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ വെറും 1000 രൂപ മാത്രമായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം, രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർധിപ്പിച്ചിരുന്നുവെന്ന് ബാലഗോപാൽ വ്യക്തമാക്കി. ആകെ 8,000 രൂപയുടെ വർധനവാണ് ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ നൽകിയത്.
വി.എസ്. അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശാ ഓണറേറിയം വർധിപ്പിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആശാ വർക്കർമാർക്ക് വലിയ സമരം നടത്തേണ്ടി വന്ന ചരിത്രം കേരളം മറന്നിട്ടില്ലെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.